Kerala
തിരുവനന്തപുരം: മലയാളികള്ക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില് അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ആശംസാകുറിപ്പിൽ അറിയിച്ചു.
ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള് മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണെന്നും മലയാളികള്ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പിന്റെ പൂർണരൂപം:
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്ഷങ്ങള് പൂര്ത്തിയാവുകയാണ്. വിസ്തൃതിയില് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള് സ്വന്തമാക്കാന് നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള് കേരളപ്പിറവി ആഘോഷിക്കുന്നത്.
ഭാഷാടിസ്ഥാനത്തില് സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്മ പുതുക്കുന്ന ഈ വേളയില്, ചരിത്രത്തില് സുവര്ണ ലിപികളാല് എഴുതിച്ചേര്ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള് മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്.
വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന് ഭക്ഷണമില്ലാത്ത, താമസിക്കാന് വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില് അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്ത്തിക്കാം. എല്ലാ മലയാളികള്ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്.
NRI
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു.
ഡാളസ്ഫോർത്ത്വോർത്ത് (DFW) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയിൽ എത്തുന്ന ഈ പരിപാടി കൂടുതൽ ആവേശകരമായിരിക്കും സുബി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും. പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.
കേരളപ്പിറവി ആഘോഷത്തിൽ ഏറെ ആകാംക്ഷയുണർത്തുന്ന മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും. സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജും വോളണ്ടിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേതൃത്വം നൽകുന്നു. പരിപാടിയുടെ വിജയത്തിനായി അനവധി വോളന്റീഴ്സ് പിന്നിൽ അഹോരാത്രം പരിശ്രമിക്കുന്നു.
കേരളത്തിന്റെ ചൂടും സൗഹൃദവും നിറഞ്ഞ ഈ സാംസ്കാരിക വിരുന്നിലേക്ക് എല്ലാ മലയാളികളെയും ഡാളസ് കേരള അസോസിയേഷൻ ഹൃദയപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ
സെക്രട്ടറി മൻജിത് കൈനിക്കര
NRI
ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ(എച്ച്ആർഎ) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടിന് വൈകുന്നേരം നാല് മുതൽ കേരള ഹൗസിൽ(മാഗ്ഹാളിൽ) വിവിധ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.
എച്ച്ആർഎ പ്രസിഡന്റ് ബിജു സഖറിയ അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു.
ഉപരക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡന്റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ, മാത്യുസ് ചാണ്ടപ്പിള്ള, ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ബിനു സഖറിയ നന്ദി രേഖപ്പെടുത്തി.